പദ്ധതികൾ
സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ, സർക്കാർ ഇതര സംഘടനകൾ എന്നിവ മുഖേന പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് പൂൾഡ് ഫണ്ട്. പൂൾഡ് ഫണ്ടിൽ നിന്നും തുക ആവശ്യമുള്ള വകുപ്പുകൾ/ സ്ഥാപനങ്ങൾ/ഏജൻസികൾ/സർക്കാർ ഇതര സംഘടനകൾ എന്നിവ പട്ടികജാതിക്കാരുടെ വികസനത്തിന് വേണ്ടിയുള്ള പ്രോജക്ടുകൾ, അവരുടെ ധനസഹായ വിഹിതം കൂടി ഉൾപ്പെടുത്തി, സംസ്ഥാന ആസൂത്രണ ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്.പദ്ധതി നിർവ്വഹണ യോഗ്യവും അംഗീകാര യോഗ്യവുമാണെങ്കിൽ സംസ്ഥാന ആസൂത്രണ ബോർഡ് അത് പട്ടികജാതി വികസന വകുപ്പിന് നൽകുന്നതാണ്. പ്രസ്തുത പ്രോജക്ടുകൾ സംസ്ഥാനതല/സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പിന്റെ പരിഗണനയ്ക്കും അംഗീകാരത്തിനുമായി സമർപ്പിക്കും. പദ്ധതികൾ തയ്യാറാക്കുന്നതിനും അനുമതി നൽകുന്നതിനും നടപ്പാക്കുന്നതിനും നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ജീവനോപാധി പ്രവർത്തനങ്ങൾ നടത്തുന്നതിന് ഉയർന്ന മുൻഗണന നൽകേണ്ടതാണ്. ഈ പദ്ധതിക്ക് കീഴിൽ അനുവദിച്ചിട്ടുള്ള വിവിധ പ്രോജക്ടുകളുടെ നടത്തിപ്പിന്റെ പുരോഗതി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള ജില്ലാതല കമ്മിറ്റി പുരോഗതി വിലയിരുത്തണം.