SCDD
Swipe

(a) വിങ്സ് (Commercial Pilot's Licence Course)  

പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് കൊമേഴ്സ്യൽ പൈലറ്റ് കോഴ്സിന് പരിശീലനം നൽകാൻ ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയാണ് 'വിങ്സ്'.

തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ ഓരോ അദ്ധ്യയന വർഷവും കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സ് പഠനത്തിനായി സ്കോളർഷിപ്പ് നൽകും.

രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമി നടത്തുന്ന യോഗ്യതാ പരീക്ഷയിൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഉയർന്ന റാങ്കോടുകൂടി യോഗ്യത നേടുന്നവരിൽ ഏറ്റവും കുറവ് വരുമാനമുള്ള വിദ്യാർത്ഥികൾക്ക് മുൻഗണന നൽകിയാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.

(b) വിഷൻ 

മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം (വിഷൻ)

എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് മെഡിക്കൽ / എഞ്ചിനീയറിംഗ് പരീക്ഷയ്ക്ക് ദീർഘകാല കോച്ചിംഗിന് 20,000/- രൂപ വരെ ധനസഹായം നൽകുന്നു. ജില്ലാ പട്ടികജാതി വികസന ഓഫീസറും ജില്ലാ കളക്ടറും അടങ്ങുന്ന സമിതി തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ധനസഹായം അനുവദിക്കുന്നതാണ്. രക്ഷിതാക്കളുടെ വാർഷിക വരുമാന പരിധി 6,00,000/- രൂപ. അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നൽകണം. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം.

(C) വിഷൻ പ്ലസ് 

പ്ലസ് ടു പഠനത്തിനു ശേഷമുള്ള എൻട്രൻസ് കോച്ചിംഗ് പരിശീലനം പ്ലസ് ടു, VHSC പഠനത്തിനുശേഷം മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകൾക്ക് അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ പരിശീലനത്തിനായി 54,000 രൂപ അനുവദിച്ചു നൽകുന്നതാണ് ഈ പദ്ധതി.

വിഷൻ , വിഷൻ പ്ലസ് പദ്ധതികളുടെ മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു
  • സ്റ്റേറ്റ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., ഐ.എസ്.സി. സിലബസുകളിൽ പഠിക്കുന്നവർക്ക് പരിശീലനത്തിന്റെ ധനസഹായം ലഭിക്കുന്നതാണ്.
  • പ്ലസ് 2 പരീക്ഷ എഴുതിയതിന് ശേഷം 2 മാസത്തെ ക്രാഷ് കോഴ്സിന് ചേരുന്നവരെയും VISION പദ്ധതിയായി പരിഗണിക്കുന്നതാണ്.
  • സയൻസ്, ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങൾക്ക് B+ ൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ്.എസ്.എൽ.സി./തത്തുല്യ യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ പത്താം ക്ലാസിൽ യഥാക്രമം A2, A ഗ്രേഡുകൾ നേടി വിജയിച്ചിട്ടുള്ള സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാർത്ഥികൾക്കും വിഷൻ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
  • സ്റ്റേറ്റ് സിലബസുകളിൽ ഒരു വർഷത്തെ മെഡിക്കൽ എൻട്രൻസ് പരിശീലനത്തിന് ചേരുന്നതിന് Plus Two/VHSE-ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ B+ ൽ കുറയാത്ത ഗ്രേഡും, എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ B+ ൽ കുറയാത്ത ഗ്രേഡും വാങ്ങി പാസാകുന്ന വിദ്യാർത്ഥികളാണ് വിഷൻ പ്ലസ് പദ്ധതി പ്രകാരം ധനസഹായത്തിന് അർഹരായിട്ടുള്ളത്.
  • +2-വിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ A2 Grade-ൽ കുറയാത്ത മാർക്കുള്ള CBSE വിദ്യാർത്ഥികൾക്കും, A Grade-ൽ കുറയാത്ത മാർക്കുള്ള ICSE വിദ്യാർത്ഥികൾക്കും വിഷൻ പ്ലസ് പദ്ധതിയ്ക്കായി അപേക്ഷിക്കാവുന്നതാണ്.
  • ഒരു വർഷം ഓരോ ജില്ലയിലും CBSE സിലബസ് പഠിച്ച 5 വിദ്യാർത്ഥികൾ വീതം വിഷൻ പദ്ധതിയിലേക്കും, 5 വിദ്യാർത്ഥികൾ വീതം വിഷൻ പ്ലസ് പദ്ധതിയിലേക്കും, ആകെ 10 വിദ്യാർത്ഥികൾ വീതം എല്ലാ ജില്ലയിലും കൂടി ആകെ 140 വിദ്യാർത്ഥികൾക്കും, ICSE സിലബസ് പഠിച്ച 5 വിദ്യാർത്ഥികൾ വീതം വിഷൻ പദ്ധതിയിലേക്കും, 5 വിദ്യാർത്ഥികൾ വിഷൻ പ്ലസ് പദ്ധതിയിലേക്കും, ആകെ 10 വിദ്യാർത്ഥികൾ വീതം എല്ലാ ജില്ലയിലും കൂടി ആകെ 140 വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് അനുവദിക്കുന്നതാണ്.
  • വിഷൻ/വിഷൻ പ്ലസ് പദ്ധതികളിൽ പരമാവധി 1,000 പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതാണ്.
  • വിദ്യാർത്ഥികൾ നിശ്ചിത എണ്ണത്തേക്കാൾ കൂടുതലാണെങ്കിൽ കുടുംബ വാർഷിക വരുമാനം അടിസ്ഥാനമാക്കി എണ്ണം നിജപ്പെടുത്തുന്നതാണ്.
  • പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു തവണ മാത്രമേ വിഷൻ പ്ലസ് പദ്ധതിയിൽ പരിശീലനത്തിന് ധനസഹായം ലഭിക്കുകയുള്ളൂ.
  • വിഷൻ പദ്ധതി പരിശീലന പരിപാടിയിൽ പങ്കെടുത്ത് NEET പരീക്ഷ എഴുതിയവർക്ക് ചുരുങ്ങിയത് 75% സ്കോർ ഉണ്ടെങ്കിൽ അവരെ വിഷൻ പ്ലസ് പരിശീലനത്തിന് ഒരു തവണ കൂടി പരിഗണിക്കുന്നതാണ്.
  • വിഷൻ/വിഷൻ പ്ലസ് പരിശീലന പരിപാടിയിൽ പങ്കെടുത്തെങ്കിലും ആരോഗ്യ കാരണങ്ങൾ കൊണ്ട് NEET പരീക്ഷ എഴുതാൻ സാധിക്കാത്തവരെ രേഖകൾ പരിശോധിച്ച് ഒരു തവണ കൂടി പരിഗണിക്കുന്നതാണ്.
  • സ്വന്തം നിലയ്ക്ക് പരിശീലനം നേടി NEET പരീക്ഷ എഴുതി 75% സ്കോർ നേടിയവർക്ക്, 2 വർഷത്തിനുള്ളിൽ വിഷൻ പ്ലസ് പദ്ധതി വഴി റിപീറ്റ് ചെയ്യുന്നതിനുള്ള പരിശീലനത്തിനായി പ്രവേശനം നൽകുന്നതാണ്.
  • സംസ്ഥാനതലത്തിൽ എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനങ്ങളെ പരിശീലനത്തിനായി വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
  • വിദ്യാർത്ഥികൾ അവർ താമസിക്കുന്ന ജില്ലാപരിധിയിലുള്ള പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  • പരിശീലനാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം പരമാവധി 5 ലക്ഷം രൂപയിൽ കവിയരുത്.

 

(d) ലക്ഷ്യ ( സിവിൽ സർവ്വീസ് പരിശീലനം)

(i) ലക്ഷ്യ സിവിൽ സർവ്വീസ് പരിശീലനം (വകുപ്പ് നേരിട്ട് നടത്തുന്ന പദ്ധതി)

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ പരിശീലനം നൽകുന്നതിനായി വകുപ്പ് ആവിഷ്കരിച്ച് വരുന്ന പദ്ധതിയാണ്. വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവ്വീസ് എക്സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി (ICSETS) മുഖേനയാണ് പദ്ധതി നടപ്പിലാക്കി വരുന്നതാണ്. പദ്ധതി പ്രകാരം ICSETS മുഖേന നടത്തുന്ന ഓറിയന്റേഷൻ ക്ലാസ്സിൽ പങ്കെടുത്ത് എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ പാസ്സായി തെരഞ്ഞെടുക്കുന്ന റാങ്ക് പട്ടികയിൽ നിന്നും ആദ്യ 60 റാങ്കിൽ വരുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികളിൽ ആദ്യ 10 റാങ്കുകാർക്ക് കേരളത്തിനകത്തോ പുറത്തോ ഉള്ള മികച്ച സ്ഥാപനങ്ങളിൽ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം നടത്തുന്നതിനും ബാക്കി 50 റാങ്കുകാർക്ക് കേരളത്തിനകത്തുള്ള സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നതിനുമാണ് ധനസഹായം അനുവദിക്കുന്നത്. കൂടാതെ റാങ്ക് ലിസ്റ്റിൽ ബാക്കിയുള്ള പട്ടികജാതി വിഭാഗം വിദ്യാർത്ഥികളിൽ നിന്നും നിശ്ചിത എണ്ണം വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി നടത്തുന്ന പരിശീലന പദ്ധതിയിൽ പരിശീലനം നടത്തുന്നതിനും വകുപ്പ് അവസരം നൽകി വരുന്നുണ്ട്.

(ii) കേരള സിവിൽ സർവീസ് അക്കാദമി മുഖേനയുള്ള പരിശീലനം

ICSETS മുഖേന നടത്തുന്ന എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ പാസ്സായി തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളിൽ നിന്നും നിശ്ചിത എണ്ണം വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി നടത്തുന്ന പരിശീലന പദ്ധതിയിൽ പരിശീലനം നടത്തുന്നതിനും വകുപ്പ് അവസരം നൽകി വരുന്നുണ്ട്.